ഓക്സിജനും വാക്സിനും
കോവിഡിന്റെ വരവിൽ പകച്ചുപോയലോകം, പിന്നീട് വിസ്മയാവഹമായ പ്രതിരോധമാണ് തീർത്തത്. മഹാമാരികളെ മറികടന്ന ചരിത്രമാണലോ മനുഷ്യരാശിക്കുള്ളത്. പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്ത് വിതരണത്തിന് എത്തിച്ചത് അഭിനന്ദനാർഹവും ആശ്വാസകരവുമായ ചുവടുവെയ്പ്പായി.
ബലിഷ്ഠമായ നമ്മുടെ ആരോഗ്യ സംവിധാനവും സമർപ്പിത സേവകരായ ജീവനക്കാരും ആസൂത്രണമികവുമാണ് രോഗവ്യാപനത്തെ നല്ല നിലയിൽ പ്രതിരോധിച്ചതും രോഗ ബാധിതരെ സുഖപ്പെടുത്തിയതും. അപ്പോഴും രോഗ വ്യാപ നഭീഷണി അന്തരീക്ഷത്തിൽ നിറഞ്ഞുതന്നെ നിന്നിരുന്നു. 'ജനിതകമാറ്റം സംഭവിച്ച കോവിഡ് 19 വൈറസ് സുനാമി' ആഞ്ഞ് വീശുമെന്ന് ആരോഗ്യ വകുപ്പ് വിദഗ്ദ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നകിക്കൊണ്ടേയിരുന്നു.
കോവിഡിന്റെ തീവ്രമായ രണ്ടാം വരവിനെ പ്രതിരോധിക്കാൻ സാധ്യമായ സന്നാഹങ്ങളെല്ലാം നമ്മുടെ കേന്ദ്ര ഭരണാധികാരികൾ ഒരുക്കിയിരുന്നോ? ഇല്ല എന്നുവേണം അനുമാനിക്കാൻ. രോഗവ്യാപനം കനത്തപ്പോൾ രാജ്യതലസ്ഥാ നത്ത് പോലും രോഗബാധിതർക്ക് പ്രധാനമായും വേണ്ട ഓക്സിജൻ ലഭിക്കാതെയായി. അങ്ങനെ ഹതഭാഗ്യരായ എത്രയെത്ര പേരാണ് മരണമടഞ്ഞത്. പ്രാണവായു ലഭിക്കാതെയുള്ള പിടച്ചിലും ഉറ്റവരുടെ ദീനവിലാപങ്ങളും കേട്ട് ഉറക്കമില്ലാതായ ഒരു മുഖ്യമന്ത്രി 'എന്റെ ജനങ്ങൾക്ക് അല്പം പ്രാണവായു എത്തിച്ചു തരൂ' എന്ന് പ്രധാനമന്ത്രിയോട് കൈക്കുപ്പി കേഴുന്നതും നാം കണ്ടു. രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ കുറ്റകരമായ ഈ അനാസ്ഥയ്ക്കെതിരെ ഉഗ്രശാസന നൽകി രംഗത്തുവന്നു.
പ്രതിരോധ വാക്സിൻ സൗജന്യമായി രാജ്യത്താകെ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചവർ പിന്നീട് ചുവട് മാറ്റുന്നതാണ് നാം കണ്ടത്. പണം ഉള്ളവർക്ക് മാത്രം മതി പ്രതിരോധ കുത്തിവെയ്പ്പ് എന്നായിരിക്കുന്നു ഇപ്പോൾ. പ്രാണ വായുവിന് വേണ്ടി പിടയുന്നവരോട് ഓക്സിജന്റെ വില കെട്ടിവെയ്ക്കാൻ ആവശ്യപ്പെടുന്ന ഹീനത പോലും ഉണ്ടായി. മാനവ വളർച്ചയ്ക്കൊപ്പം മഹാമാരികളും ഉണ്ടായിട്ടുണ്ട്. അത്തരം ആപത് ഘട്ടങ്ങളിൽ ജനകീയ സർക്കാരുകൾ ജനതയെ കൈയ്യ്-മെയ് മറന്ന് രക്ഷിച്ചിട്ടുണ്ട്. ഓർക്കുക വസൂരിക്കും പോളിയോക്കും എതിരെ രാജ്യമെമ്പാടും വിദ്യാലയങ്ങളിൽ ഉൾപ്പെടെ പ്രതിരോധ കുത്തിവെയ്പ്പുകൾ സൗജന്യമായാണ് നടത്തിയിരുന്നത്. അന്നൊന്നും ഇതിനാരും പണം ഈടാക്കിയിരുന്നില്ല. പണം ഒരു ഭരണകൂടത്തിനും ആനപ്രശ്നവുമായിരുന്നിട്ടില്ല. ജനതയുടെ ജീവൻ രക്ഷമാത്രമായിരുന്നു ഏക ലക്ഷ്യം. മരുന്ന് വിപണനം, ലാഭ കൊയ്ത്ത് എന്നിവയൊന്നും ആ വഴികളിൽ ഇല്ലായിരുന്നു. അവിടെ മനുഷ്യത്വത്തിന്റെ മഹനീയത മാത്രമായിരുന്നു. ചൂടും വെളിച്ചവുമായി ജ്വലിച്ച് നിന്നിരുന്നത്. 'കാണിനേരം മനുഷ്യരാവുക' എന്നത് മാത്രം.
പ്രതിമയ്ക്കും പ്രതിഷ്ഠയ്ക്കും ദേശാടനങ്ങൾക്കും ഖജനാവിലെ നികുതി പണം നിർലോഭമായാണ് ചെലവിടുന്നത്. ജനതയുടെ ജീവരക്ഷയ്ക്കുള്ള മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നത് കടുത്ത സാമ്പത്തിക ചെലവുള്ള അപ്രായോഗിക നടപടിയാണെന്ന് പറയുന്നവരെക്കുറിച്ച് എന്തു പറയാൻ. 'പള്ളിനാടമുറിച്ചും' രാജ്യത്തിന്റെ മുറിവ് കെട്ടണമെന്നൊരു ചൊല്ലുണ്ട്. പള്ളിനാട മുറിക്കുന്നത് രാജ്യത്തിന്റെ മുറിവ് കെട്ടാൻ വേണ്ടി മാത്രമായിരിക്കണമെന്നേയുള്ളൂ.
- ടി.കെ. ഷഹാൽ ഹസൻ മുസലിയാർ
(എഡിറ്റർ പ്രഭാത രശ്മി)
Comments
Post a Comment